പത്തനംതിട്ട: തമിഴ്നാട്ടിൽനിന്ന് പാറക്കല്ലുകൾ, എം സാൻഡ് , മെറ്റൽ ജെല്ലി, ബ്രേക്കഡ് സ്റ്റോൺ, റോഡ് നിർമാണ വസ്തുക്കൾ എന്നിവ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് മൂന്നു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽ ഉത്പന്നങ്ങൾക്ക് വില കൂട്ടാൻ വീണ്ടും ശ്രമം. അടുത്തകാലത്താണ് ക്രഷർ ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഉയർത്തിയത്.
നിർമാണ മേഖലയിൽ ഉത്പന്നങ്ങൾക്ക് ക്ഷാമം ഉണ്ടാക്കി വില കൂട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
തമിഴ്നാട്ടിലെ പാറ ഉത്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. കേരളത്തിൽ നിർമാണത്തിലുള്ള വൻകിട പദ്ധതികളെ ഇതു സാരമായി ബാധിക്കും. ദേശീയപാത വികസനം, റെയിൽപാത, വിഴിഞ്ഞം തുറമുഖം വികസനം, തിരുവനന്തപുരം വിമാനത്താവളത്തിലെ വികസന പദ്ധതികൾ എന്നിവയിലടക്കം തമിഴ്നാട്ടിൽനിന്നുള്ള പാറക്കല്ലുകൾ ഉപയോഗിച്ചിരുന്നു. വിഴിഞ്ഞത്തു മാത്രം വൻതോതിൽ കല്ലുകൾ ഇറക്കിയിരുന്നു. റെഡിമിക്സ് പ്ലാന്റുകളുടെ പ്രവർത്തനവും നിലച്ചുതുടങ്ങി.
കേരളത്തിൽനിന്നുള്ള ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ച് വൻകിട പദ്ധതികൾ മുന്നോട്ടു പോകില്ല. 2023നു ശേഷം സംസ്ഥാനത്ത് ചെറുകിട ക്രഷറുകൾ ഏറെയും പ്രവർത്തിക്കുന്നില്ല.
തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ലോറി നീക്കത്തിന് നിയന്ത്രണം നേരത്തേയുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ മൂന്നുമാസത്തെ നിരോധനത്തിലേക്കു നീങ്ങിയത്. സർക്കാർ പാസ് ദുരുപയോഗം ചെയ്യുന്നതടക്കമുള്ള വിഷയങ്ങളുടെ പേരിലാണ് നടപടിയെന്നു പറയുന്നു.
നിർമാണ മേഖലയെ സാരമായി ബാധിക്കും
വൻകിട പദ്ധതികളെ മാത്രമല്ല, സാധാരണക്കാരുടെ വീടു നിർമാണത്തെവരെ ക്രഷർ മേഖലയിലെ പ്രതിസന്ധി ബാധിക്കും. സമീപകാലത്തെ വില വർധനയും ക്ഷാമവും നിർമാണ മേഖലയെ സാരമായി ബാധിച്ചിരുന്നു. വൻകിട പദ്ധതികൾക്കായി പാറകളും എം സാൻഡ് അടക്കമുള്ള ഉത്പന്നങ്ങളും നീക്കിയാൽ ചെറുകിട മേഖലകൾ തടസപ്പെടും. കെട്ടിടങ്ങൾ, റോഡുകൾ, ചെറുകിട സ്ഥാപനങ്ങൾ ഇവയെ ഇതു സാരമായി ബാധിക്കും.
മണൽവാരലിന് അനുമതി നൽകണം
പത്തനംതിട്ട: സോഷ്യൽ ഓഡിറ്റിംഗിനു വിധേയമായി ജില്ലയിലെ നദികളിൽനിന്നു മണൽവാരാൻ അനുമതി നൽകണമെന്ന് കരിങ്കല്ല് ആൻഡ് കൺസ്ട്രക്ഷൻസ് തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജില്ലാ യോഗം ആവശ്യപ്പെട്ടു.
നദികളിൽ മണൽശേഖരം ഉള്ളതിനാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽനിന്ന് വാരാമെന്ന പഠന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇതിനായി സർക്കാർഅനുമതി നൽകുകയും ചെയ്തതാണ്. നിലവിലെ സാഹചര്യത്തിൽ നിർമാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സോഷ്യൽ ഓഡിറ്റിംഗിലൂടെ മണൽവാരൽ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽനിന്നുള്ള നിരോധനം മറയാക്കി കേരളത്തിൽ ഉത്പന്നങ്ങൾക്ക് വില കൂട്ടാൻ ക്രഷർ ഉടമകൾ ശ്രമം ആരംഭിച്ചതായി യോഗം ഉദ്ഘാടനം ചെയ്തു കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻരാജ് പറഞ്ഞു.
കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് വില കൂട്ടൽ തന്ത്രം നടപ്പാക്കുക. ക്രഷർ യൂണിറ്റുകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന ലോറി ഡ്രൈവർമാരുമായി ഇതിന്റെ പേരിൽ സംഘർഷമുണ്ടാക്കുകയും പതിവാണ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ അടിയന്തര യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎൻടിയുസി ജില്ലാ ജറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സജി കെ. സൈമൺ, റെനീസ് മുഹമ്മദ്, നിഖിൽ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.